വെള്ളിയാഴ്‌ച, മാർച്ച് 01, 2013

സ്‌കൂള്‍ ജീവിതത്തിലേക്ക് ....

                        '' ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍  മേയുന്ന 
                           തിരുമുറ്റത്തെത്തുവാന്‍ മോഹം .....
                          തിരുമുറ്റത്തൊരു  കോണില്‍  നില്‍ക്കുന്നൊരാനെല്ലി 
                          മരമൊന്നുലുത്തുവാന്‍  മോഹം .....
                          ..........................................................
                          വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും 
                          വെറുതെ മോഹിക്കുവാന്‍ മോഹം.....''
                                       (ആറാം ക്ലാസ് മലയാളപാഠത്തിലെ  ഒ.എന്‍.വി.യുടെ കവിതയില്‍ നിന്നും)

                                  PMSAMLP SCHOOL KACHADI

          കലാലയ  ജീവിതമെല്ലാം കഴിഞ്ഞു ആദ്യ സമ്മതിദാനകര്‍മ്മം നിര്‍വഹിക്കാനാണു ഞാന്‍ കാച്ചടി സ്‌കൂളിലെത്തുന്നത്.ചീനിമരത്തിനു ചുറ്റും മതില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നു.മരത്തില്‍ കോറിവച്ച പാടുകളെല്ലാം ആരോ മായ്ച്ചിരിക്കുന്നു.ഒരു പക്ഷേ കാലമായിരിക്കാം.
        1992... അതൊരു മഴയുടെ വരവറിയിക്കുന്ന ജൂണ്‍ മാസമായിരിന്നു.കാച്ചടി സ്കൂളില്‍ എന്നെ ചേര്‍ക്കുമ്പോള്‍ പേര് ചോദിച്ചു :വീടിലെ വിളിപ്പേരാണ് പറഞ്ഞത് -സെമി.അതു പിന്നെ ഷമീം എന്ന റെക്കോഡിക്കല്‍ പേരായി മാറി.അസീസ്‌ മാസ്റ്റ് ആയിരുന്നു ഹെഡ് മാസ്റ്റെര്‍. 1A.സാറാമ്മ ടീച്ചറായിരുന്നു ക്ലാസ് ടീച്ചര്‍.വീട്ടില്‍ നിന്നിറങ്ങി ഫഹദിന്റെ വീട്ടില്‍ അവനെ കാത്തു നില്‍ക്കും.പിന്നെ ഞങ്ങള്‍ ഒന്നിച്ചു സ്കൂളിലേക്ക്. ബുക്കും പേനയും ഉപയോഗിക്കാറായിട്ടില്ല.ടെക്സ്റ്റ് ബുക്കും(കളും?) ഇന്നത്തെ ഐപാഡിന്റെ രൂപത്തിലുള്ള താഴെ വീണാല്‍ പൊട്ടുന്ന സ്ലേറ്റും  ഉച്ചഭക്ഷണമടങ്ങിയ ചോറ്റുപാത്രവുമായിരുന്നു അന്നു ബാഗിലുണ്ടായിരുന്നത്‌.ആദ്യപരീക്ഷക്ക് കിട്ടിയ മാര്‍ക്ക്, ടീച്ചര്‍ സ്ലേറ്റില്‍ എഴുതിത്തന്നത്,വീട്ടില്‍ ഓടിച്ചെന്നു സന്തോഷത്തോടെ ഉമ്മയെ കാണിച്ചത് ഇന്നും ഓര്‍മ്മയുണ്ട്.
        അന്നത്തെ കാച്ചടി സ്കൂള്‍ ഗ്രൌണ്ട് ഇന്നെത്തെക്കാളും ഇരട്ടി വലുപ്പമുള്ളതായിരുന്നു.ഫഹദ്,അമ്മാനുള്ള,ശരത്,നമീഷ്,അനസ് യാസീന്‍,സലാം...ഇവരൊക്കെയാണ് എന്റെ ഓര്‍മ്മയിലെ അന്നത്തെ ക്ലാസ്സ്മേറ്റ്സ്.
         നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കോഴിക്കോട്ടെക്ക് ടൂര്‍ പോയത്.
         അന്നത്തെ പ്രധാന അട്രാക്ഷന്‍ കഥ കേള്‍ക്കുക,വായിക്കുക എന്നതായിരുന്നു.ടീച്ചര്‍(അധ്യാപകവൃത്തി ചെയ്യുന്നവരെല്ലാം ടീച്ചറാണെങ്കിലും അന്നു മനസ്സിലാക്കിയിരുന്നത് ടീച്ചര്‍-അധ്യാപിക മാസ്റ്റെര്‍-അധ്യാപകന്‍  എന്നായിരുന്നു.)ഒരു ഓഫെര്‍ ചെയ്യും,നാളെ ഉത്തരമെല്ലാം പറഞ്ഞാല്‍/എഴുതിയാല്‍ നല്ല ഒരു കഥ പറഞ്ഞു തരാം.കഥ കേള്‍ക്കാനായി മെനെക്കെട്ടിരുന്നു പാഠഭാഗങ്ങള്‍ പഠിക്കും.എല്ലാവരും ഉത്തരം പറഞ്ഞാല്‍ മാണിക്യക്കല്ലിന്റെയും രാജാവിന്റെയും മന്ത്രിയുടെയുമൊക്കെ കഥകള്‍ പറഞ്ഞു തരും.കണക്കു മാഷായിരുന്നു നന്നായി വര്‍ണിച്ചു കഥകള്‍ പറഞ്ഞിരുന്നത്.എണ്ണത്തില്‍ കുറവെങ്കിലും ശിക്ഷയും ശിക്ഷണവും ഒരുമിച്ചു നടത്തിയിരുന്ന അദ്ധ്യാപകരും ഉണ്ടായിരുന്നു.അടിയോഫോബിയ കാരണം 9മണിയാകുംപ്ഴേക്കും എനിക്കു പലപ്പോഴും പനി/വയറുവേദന വരാറുണ്ടായിരുന്നു. അന്നു ലീവ്.  11മണിയാകുംപ്ഴേക്കും ഒന്നും ചെയ്യാതെത്തന്നെ അതു മാറിക്കിട്ടും.
       ആദ്യരണ്ടു പിരീഡ് കഴിഞ്ഞാല്‍ അരമണിക്കൂര്‍ ഒഴിവ്.പിന്നത്തെ രണ്ടു പിരീഡ് കഴിഞ്ഞാല്‍ ഉച്ചഭക്ഷണത്തിനു ഒരുമണിക്കൂര്‍ ഒഴിവ്.ചിലപ്പോള്‍ ചോറു കഴിക്കാന്‍ വീട്ടില്‍പ്പോകും.ഒരിക്കല്‍ വീട്ടില്‍  ചെന്നപ്പോള്‍ ഉമ്മ ചോദിച്ചു.''ഇത്ര പെട്ടെന്ന് വന്നോ?ചോറിനുള്ള സമയമായിട്ടില്ലല്ലോ?''പടച്ചോനേ...രണ്ടു പിരീഡ് മുമ്പാണല്ലോ ഞാന്‍ വന്നത്.പേടി കാരണം അന്നു സ്കൂളില്‍ പോയില്ല.പിറ്റേന്ന് ഖദീജ ടീച്ചര്‍ ക്ലാസെടുക്കുന്നു.എല്ലാവരോടും പോലെ എന്നോടും ചോദ്യം ചോദിച്ചു.ഞാന്‍ തപ്പിത്തടയുമ്പോള്‍ പിറകില്‍ നിന്നൊരുത്തന്‍ വിളിച്ചു പറഞ്ഞു. ''ടീച്ചറേ...ഇവനാണ് ഇന്നലെ ഉച്ചക്ക് മുമ്പ് ചാടിപ്പോയത് ''.ടീച്ചറിന്റെ കൈയില്‍ നിന്നും കാലില്‍ രണ്ടു ചുവന്ന വര ഏറ്റുവാങ്ങി.
         നാലാം ക്ലാസില്‍നിന്നായിരുന്നു കോഴിക്കോട്ടേക്ക് ഒരു ടൂര്‍ പോയത്. പരപ്പനങ്ങാടി, മാനാന്ജിറ വഴിയാണ് പോയത് .ഒരു മിനി ബസ്സും ട്രക്കറും,ട്രക്കെര്‍ വഴിയില്‍ വച്ചു പണിമുടക്കി.ബേപ്പോര്‍ ബോട്ട് സര്‍വീസ്,ലൈറ്റ് ഹൌസ് എന്നിവയിലൊക്കെ കയറി.ലൈറ്റ് ഹൌസിന്റ്റെ ഏറ്റവും മുകളില്‍ നിന്നും താഴോട്ട് നോക്കിയപ്പോള്‍ മനുഷ്യരൊക്കെ ഉറുമ്പുകളെപ്പോലെ തോന്നോച്ചു.50രൂപയായിരുന്നു ഫീസ്‌.വീട്ടില്‍ കരഞ്ഞു പിഴിഞ്ഞു ,എളാപ്പയാണ് കാശ് തന്നത്.പക്ഷേ 40 രൂപയെ ആയുള്ളൂ.ബാക്കി 10 രൂപ വീട്ടില്‍ കൊടുത്തില്ല.അതിനു ഫ്രൂട്ടി വാങ്ങി
      സ്കൂള്‍ വിട്ടു വരുന്നത് ഫഹദ്,ജബ്ബാര്‍,അലി അക്ബര്‍ എന്നിവരുടെ കൂടെയായിരിക്കും.ഹൈവേയില്‍ ഓടുന്ന പല ബസ്സുകളും പേരുമാറ്റിയെങ്കിലും അറഫാട്രാവെല്‍സ്  അന്നും ഇന്നും അറഫാത്ത് തന്നെ.അതിന്റെ കളര്‍ മാറ്റി,ബ്രേക്കിന് കൊടുത്തു ഈ വിഷയങ്ങളിലൊക്കെ അന്നേ പിടിപാടുള്ളതിനാല്‍ ഈവക കാര്യങ്ങളൊക്കെ സംസാരിച്ചുകൊണ്ടായിരിക്കും വരവ്.

                  കക്കാട്  സ്കൂള്‍  Kakkad GUPS School 

                       കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
 കക്കാട് സ്കൂളില്‍ മലയാളം സ്റ്റാന്‍ഡേര്‍ഡ് 5C,6C,7Cഎന്നീ ഡിവിഷനുകളായിരുന്നു എന്റെത്.Cഡിവിഷന്‍ മറ്റു ഡിവിഷനേക്കാള്‍ അല്പം ഗമയുള്ളതായിരുന്നു. ജൂണ്‍ ഒന്നാം തിയ്യതി ക്ലാസ്സില്‍ ഹാജരാകുമ്പോള്‍ മുമ്പ് എന്റൊപ്പം പഠിച്ച പല കള്ളന്മാരും കൂടെയുണ്ട്.ഷറഫുദ്ദീന്‍,മാജിദ്,സമീര്‍,രതീഷ്‌,ശരത്.സതീഷ്‌,ലിജീഷ്,സഞ്ചു,യൂസഫ്‌,സുഭാഷ്‌,സുധീഷ്‌,രൂപേഷ്,സത്യന്‍,വിനോദ്  ഇവരൊക്കെയായിരുന്നു അന്നത്തെ കൂട്ടുകാര്‍.കൂട്ടത്തില്‍ ചില സുന്ദരിമാരും.അങ്ങനെ പലരും.അഞ്ചാം ക്ലാസ്സില്‍ മുഹമ്മദ്‌ മാഷ്‌ എന്ന മൈമ്മാഷ് ഉണ്ടായിരുന്നു, ഇംഗ്ലീഷിനു,കുട്ടികള്‍ ക്ലാസില്‍ വല്ല വികൃതിയോ മറ്റോ കാണിച്ചാല്‍ ഉടനെ അദ്ദേഹം ടാ..ടാ..ടാ..ടാ..എന്നു പറയുമായിരുന്നു.അതിനാല്‍ അദ്ദേഹത്തെ ഞങ്ങള്‍ ടാടാടാടാഎന്ന പേരില്‍ വിശേഷിപ്പിച്ചു.
       അടുത്ത അധ്യയനവര്‍ഷം 6Cയിലേക്ക്.പഴയ കള്ളന്മാരും സുന്ദരിമാരും കൂടെത്തന്നെയുണ്ട്.ചാത്തപ്പന്‍ മാഷ്‌ ആയിരുന്നു ക്ലാസ് മാഷ്.കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം.(വക്രബുദ്ധികള്‍,ഒരു കണക്കായിരുന്നു എന്നല്ല,മറിച്ച് ഗണിതമായിരുന്നു എന്നര്‍ത്ഥത്തില്‍ വായിക്കുക).നോട്ടുബുക്കില്‍കണക്കുകളൊക്കെ ചെയ്യുമ്പോള്‍ തെറ്റു വരുത്തിയാലും വൃത്തിയിലായിരുന്നു ഞാന്‍ തെറ്റ് എന്ന്‍ എഴുതിയിരുന്നത്.തെറ്റിന്റെ മുകളില്‍ Xഎന്നു വരക്കും.അതിനാല്‍ പലപ്പോഴും അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ അഭിനന്ദനത്തിനു അര്‍ഹനായിട്ടുണ്ട്.ഹിന്ദി പാഠം എടുത്തിരുന്ന മാഷ് നല്ല രസികനായിരുന്നു.ക്ലാസില്‍ ചിരിച്ചാലും അതോര്‍ത്ത്,അല്ലാത്തപ്പോഴും എനിക്കു ചിരി പൊട്ടും.ഒരിക്കല്‍ ക്ലാസ്സില്‍ ഹിന്ദി മാഷിന്റെ കിടിലന്‍ കോമഡി.പക്ഷേ എന്റെ അടുത്തിരുന്ന, ആറാം ക്ലാസ്സില്‍ഒരിക്കല്‍ തോറ്റ ഒരുത്തന്‍ മാത്രം അതു ആസ്വദിക്കുന്നില്ല.ഞാന്‍ ചോദിച്ചപ്പോ അവന്‍ പറഞ്ഞത് :കഴിഞ്ഞ വര്‍ഷവും ഇതേ തമാശകള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇങ്ങേര്‍ വിളംപിയിരുന്നത്രേ,അതു മാത്രമല്ല അവന്റെ ടെന്‍ഷന്‍. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഈ കൊല്ലം ഇനിയും എത്രയെണ്ണം കേള്‍ക്കാനിരിക്കുന്നു?
      അടുത്ത വര്‍ഷം ഏഴാം ക്ലാസിലേക്ക്.വളരെ സംഭവബഹുലമായത്.ഫഹദ് അന്നു 7Eയില്‍ പഠിക്കുന്നു.ചാത്തപ്പന്‍ മാഷ് ഏഴാംതരത്തിലുമുണ്ടായിരുന്നു.മലയാളമായിരുന്നു സബ്ജെക്റ്റ്.എന്നില്‍ ഡയറി എഴുത്തു ശീലം ഉണ്ടാക്കിയത് അദ്ദേഹമാണ്.ദൈനംദിനകാര്യങ്ങളല്ല,മറിച്ച് സ്‌കൂള്‍ അനുഭവങ്ങളാണു ഡയറിയില്‍ കുറിച്ചു വെക്കാന്‍ പറഞ്ഞത്.
     അധ്യയനവര്‍ഷം അവസാനിക്കാറായപ്പോള്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഡയറിയെഴുതിയത് ഞാനും സഞ്ചുവുമായിരുന്നു.അന്നു ഓണത്തിന് സ്‌കൂളില്‍ വെച്ചു പൂക്കളമത്സരമുണ്ടായിരുന്നു.രണ്ടുമൂന്നു ദിവസം കഴിഞ്ഞു രതീഷും സഞ്ചുവും എന്റെ വീട്ടില്‍ വന്നു.മത്സരത്തിനുള്ള പൂക്കളം ഞാന്‍ തന്നെ വരക്കണമെന്നും പറഞ്ഞു ചില മോഡലുകളും തന്നു.പക്ഷേ ഞാന്‍ സ്വന്തമായി ഒരു മോഡലുണ്ടാക്കി ഞങ്ങളുടെ ക്ലാസ്റൂമിന്റെ മുമ്പില്‍ ചോക്കു കൊണ്ട് പൂക്കളം വരച്ചു.വരച്ചു തീര്‍ന്നപ്പോള്‍ സഹപാഠികളുടെ മുഖത്ത് അത്ഭുതം കലര്‍ന്ന അസൂയ കാണാന്‍ കഴിഞ്ഞു.ക്ലാസ്സിലെ സുന്ദരിമാരെല്ലാം  അതില്‍ പല നിറത്തിലും ഡിസൈനിലുമുള്ള പൂക്കള്‍ വെച്ചു.വൈകുന്നേരം അനൌന്‍സ്മെന്റ് മുഴങ്ങി.''ഏറ്റവും നല്ല പൂക്കളം 7C ക്ക്.''മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളി.
       പിറ്റേന്ന് രാവിലെ ക്ലാസ്റൂമിലേക്ക്‌ ചെല്ലുംപോള്‍ വാതില്‍പ്പടിയില്‍ നിന്നിരുന്ന -------  പറഞ്ഞു.''മാറി നിന്നോളിന്‍,കലാകാരന്‍ വരുന്നുണ്ട്.''ഞാന്‍ കൃത്രിമ ദേഷ്യത്തോടെ അവളെ നോക്കിയെങ്കിലും മനസ്സ് ആനന്ദത്തിലാറാടി.സ്കൂളിലെ ലോകസുന്ദരിയല്ലേ എന്നെ പുകഴ്ത്തിയിരിക്കുന്നത്. ക്ലാസ്സില്‍ മാജിദ്,ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഞാനിരുന്നത്.ലിജീഷ് അന്നു മോഹന്‍ലാലിന്റെ കടുത്ത ഒരാരാധകനാണ്.ഞാന്‍ മമ്മൂട്ടി ഫാനും.പല സിനിമാനടന്മാരുടെയും ശബ്ദം അവന്‍ നന്നായി അനുകരിക്കും.അക്കാലത്തു കേബിള്‍ ടിവിയും ഡിജിറ്റല്‍ ടിവിയുമൊന്നും അത്ര സജീവമായിരുന്നില്ല.ദൂരദര്‍ശനിലെ ഞായറാഴ്ചകളിലെ 4മണിക്കുള്ള സിനിമ കാണുക എന്നുള്ളത് വലിയ സംഭവമായിരുന്നു.നമ്മുടെ ലിജീഷ് തിങ്കളാഴ്ച്ച വന്നു തലേന്ന് കണ്ട സിനിമ ഒന്നു കൂടി ക്ലാസില്‍ പ്രദര്‍ശിപ്പിക്കും.മോഹന്‍ലാലിന്റെ പടമാണെങ്കില്‍ ക്ലാസ്സില്‍ മറ്റാര്‍ക്കും ഇരിക്കേണ്ടി വരില്ല.മമ്മൂട്ടി ചിത്രമാണെങ്കില്‍ ഞാനും വിട്ടു കൊടുക്കില്ല.

                        GHSS Tirurangadi

                           കൂടുതല്‍ ചിത്രങ്ങള്‍ക്ക്   ഇവിടെ ക്ലിക്കുക  
  ജൂണ്‍ 
    എട്ടാം തരത്തിലേക്ക്.8Lആയിരുന്നു എന്റെ ഡിവിഷന്‍.അതു വരെ പഠിച്ച ഒരാളും ആ ക്ലാസ്സിലില്ല.ആട്ടിന്‍കൂട് എന്നു വിളിച്ചിരുന്ന ക്ലാസ്സായിരുന്നു അതു.ഉച്ചക്ക് 1 മണിക്കാണ് ക്ലാസ് ആരംഭിക്കുക.മലയാളം ല്‍ ഞാന്‍ അതീവതാല്‍പര്യം കാണിച്ചത് ബാലചന്ദ്രന്‍ മാഷിന്റെ പ്രീതിക്ക് ഇടയാക്കി.നൂറുല്‍ഹുദാ ബോര്‍ഡിംഗില്‍ നിന്നും കുറച്ചു ആണ്‍കുട്ടികളും പഠിക്കാന്‍ സ്കൂളില്‍ വന്നിരുന്നു.റെയില്‍വേ സ്റ്റേഷന്‍ എന്നു വിളിച്ചിരുന്ന ഒരു ഹാളില്‍ മറയിട്ടു തിരിച്ചിരുന്ന റൂമിലായിരുന്നു 9ആം ക്ലാസ് പഠനം.Oഡിവിഷന്‍.അറബി സബ്ജെക്റ്റിനു വേണ്ടി Pഡിവിഷനില്‍ പോകും.അപ്പോള്‍ മാത്രം കുഞ്ഞാലി മാഷിന്റെ ആ ക്ലാസ്സില്‍ 40 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളും ഉണ്ടാവും.ജ്യോഗ്രഫിക് സബ്ജെക്റ്റിന് ബേബി ടീച്ചറായിരുന്നു.അന്നു ഞാന്‍ ബാലരമ ഡൈജസ്റ്റ് സ്ഥിരമായി വായിക്കുമായിരുന്നു.അതിനാല്‍ പാഠവിഷയത്തിനു പുറത്തുള്ള വിവരങ്ങളും ക്ലാസ്സില്‍ വിളമ്പുന്നതിനാല്‍ ടീച്ചറിനും എന്നെ ഇഷ്ടമായിരുന്നു.എന്നെ ആദ്യമായി ഷമീം എന്നു വിളിച്ചത് അവരാണെന്നാണ് എന്റെ ഓര്‍മ്മ.പിന്നെ അബുമാഷും നജീബും.മറ്റുള്ളവരൊക്കെ ശമീം,സമീം തുടങ്ങി തോന്നിയതു പോലെയായിരുന്നു വിളിച്ചിരുന്നത്.ചുവന്ന ഒരു സ്പ്ളെണ്ടറില്‍ വന്നിരുന്ന ഒരു യാക്കോബ് മാഷും ഉണ്ടായിരുന്നു.പാറപ്പുറത്ത്  ചിരട്ട ഉരയ്ക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം.
       
 കൌമാരജീവിതത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പത്താംക്ലാസ്.10D.ഒമ്പതാം ക്ലാസ്സും പത്താം ക്ലാസ്സും രാവിലെ 8 മണിക്കാണ് തുടങ്ങിയിരുന്നത്.നജീബ്,സമീര്‍,റാഫി.ടി,ശംസുദ്ദീന്‍ ഇവരായിരുന്നു അന്നത്തെ ഫ്രെണ്ട്സ്.കരുംബിലെ അബുമാഷ്  ജ്യോഗ്രഫിക്സിനായിരുന്നു.നല്ല സ്പീടുള്ള ക്ലാസ്സായിരുന്നു അദ്ദേഹത്തിന്റെത്.ഡൈജസ്റ്റില്‍ നിന്നും വെട്ടിയെടുത്ത വര്‍ണപ്രപന്ജത്തിന്റെ മോഡല്‍ ഒരു മോട്ടോറില്‍ ഫിറ്റു ചെയ്തു ഞാന്‍ കെമിസ്ട്രി ക്ലാസ്സില്‍ അവതരിപ്പിച്ചിരുന്നു. ഇംഗ്ലിഷിന്റെ മുഹമ്മദ് മാഷിനെ പരിചയപ്പെട്ട ദിവസം രസകരമായിരുന്നു.ഞാനൊരു ആനയെ വരച്ചുതരാം എന്നു പറഞ്ഞു അദ്ദേഹം ബോര്‍ഡില്‍ നീളത്തില്‍ ഒരു വര വരച്ചു.ഇതെണോ ആന എന്നു ഞങ്ങള്‍.മതിലിനപ്പുറത്തുകൂടെ പോകുന്ന ആനയെ എങ്ങനെ നിങ്ങള്‍ കാണും എന്നു മൂപ്പരുടെ മറുചോദ്യം.  
നജീബും ഞാനും രണ്ടു വര്‍ഷത്തോളം കാര്യമായി പരിചയപ്പെട്ടിരുന്നില്ല.  രണ്ടുപേരുടെയും വാച്ച് ടൈറ്റാന്‍.പക്ഷേ എന്റെതായിരുന്നു ഒറിജിനല്‍ എന്നു പറഞ്ഞായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. പത്താം ക്ലാസില്‍ ഞങ്ങളുടെ സൌഹൃദം കൂടുതല്‍ ദൃഡമായി. അവനൊരു ബോര്‍ഡിംഗ് വിദ്യാര്‍ഥി.ഉയര്‍ന്ന മാര്‍ക്ക് വാങ്ങണമെന്ന് നിഷ്ക്കര്‍ഷയുള്ള എക്സിക്യുട്ടീവ്‌ സ്റ്റ്ഡന്റ്.ഞാനോ?തല താഴ്ത്തി നടക്കുന്നവനും ക്ലാസ്സിലെ പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ പോലും പേടിയുള്ളവനും പിന്‍ബെഞ്ചില്‍ സ്ഥാനമുള്ളവനുമായിരുന്നു.എന്റെ ചെയ്തികള്‍ അവനെ ആകര്‍ഷിച്ചിരിക്കാം.അല്ലെങ്കില്‍ അവനെ വലയം ചെയ്തിരുന്ന പത്മവ്യൂഹത്തില്‍നിന്നും അവന്‍ മോചനം നേടിയതായിരിക്കാം.അവന്റെ ഫ്രീ എയറിലുള്ള സംസാരങ്ങള്‍,പ്രവര്‍ത്തി.ഇതെല്ലാം എന്റെതിനു സമാനം.
കലാലയ ജീവിതത്തിനു ശേഷം പലരുമായും ബന്ധം വിച്ഹെദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.SSLC പരീക്ഷയുടെ അവസാനദിവസം ഞങ്ങള്‍ അഞ്ചു പേര്‍ കോഴിക്കോട്ടേക്ക്  പോവാന്‍ പദ്ധതിയിട്ടു.വേര്‍പിരിയലിന്റെ വേദന മറക്കാന്‍ ഒരു ഉപാധി.ഒരു സിനിമയും കണ്ടു.'ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍'.രാത്രി 7.15ന് കാടാമ്പുഴയിലേക്കുള്ള പ്രണാമം ബസ്സില്‍ ഞാനും നജീബും ഒന്നിച്ചാണിരുന്നത്.അതുവരെ പറയാത്തതെല്ലാം അന്നുപറഞ്ഞു.ഒരിക്കലും തിരിച്ചുകിട്ടാത്ത സ്‌കൂള്‍ ജീവിതം.
        ക്ലാസ് മുറികളോടുള്ള ബന്ധം അന്നവിടെ തീര്‍ത്ത്‌ ഞാന്‍ കരുമ്പില്‍ ബസ്സിറങ്ങി,ഒരു ഭൂകമ്പത്തെയാണ് വരവേല്‍ക്കുന്നതെന്നരുയാതെ.ഞാനെന്ന വ്യക്തി അവിടെ ജീവിച്ചിരിപ്പുണ്ട് എന്നു കരുമ്പ്ക്കാര്‍ക്ക് മനസ്സിലാക്കാന്‍ ആ സംഭവം ഒരു വഴിത്തിരിവായി.
      സംഭവം എന്താണെന്നറിയേണ്ടേ?
       എന്നെ കാന്മാനില്ലത്രേ      
      വീട്ടിലെത്തിയപ്പോള്‍ അനുഭവിച്ചതെല്ലാം ആവിയായി.

അഭിപ്രായങ്ങളൊന്നുമില്ല: