വ്യാഴാഴ്‌ച, ജൂൺ 06, 2013

വായന

                                                                               വായിച്ചാലും വളരും 
                                                                               വായിച്ചില്ലേലും വളരും 
                                                                               വായിച്ചു വളര്‍ന്നാല്‍ വിളയും 
                                                                               വായിക്കാതെ വളര്‍ന്നാല്‍ വളയും  
                                                                                                                                    -കുഞ്ഞുണ്ണിമാഷ്
              എന്‍റെ  ചെറുപ്പം മുതലുള്ള ശീലങ്ങളില്‍ മാറാത്തത് വായനാശീലം മാത്രമാണ്. വായനാശീലമില്ലാത്തയാള്‍ക്ക് ഒരെഴുത്തുകാരനാവാന്‍ കഴിയില്ല.ആദ്യകാലപുസ്തകങ്ങള്‍ എല്ലാവരെയും പോലെ ബാലരമ,ബാലമംഗലം,ബാല....ഇവയൊക്കെയായിരുന്നു.കരുമ്പില്‍ തറമ്മല്‍ സിദ്ദീക്ക് കാക്കാന്റെ കടയില്‍ നിന്നായിരുന്നു അധികവും വാങ്ങിച്ചിരുന്നത്.4 രൂപയായിരുന്നു വില.പിന്നെയാരോ പറഞ്ഞു തിരൂരങ്ങാടിയില്‍ പഴയ ബാല...യും മറ്റും കുറഞ്ഞ വിലക്കു കൊടുക്കുന്നുണ്ടെന്ന്.ശരിയാണ്.2.50 രൂപക്ക് അവിടെ നിന്ന് കുറെ കളക്റ്റ് ചെയ്തു.ആ സമയത്താണ് വീട്ടില്‍ മറ്റുള്ളവര്‍ കൊണ്ടുവന്നിരുന്ന ചിത്രങ്ങളില്ലാത്ത,ഇരുനൂറിലധികം പേജുകളുള്ള നോവലുകള്‍ കാണുന്നത്.ഒരിക്കല്‍ വായിച്ചു നോക്കിയപ്പോള്‍ തോന്നി,കൊള്ളാമല്ലോ.കുറച്ചുകൂടി ഗൌരവമുള്ള സംഭാഷണങ്ങളും മറ്റും.ബുക്കിനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്,കരുമ്പിലെ നാഷണല്‍ ലൈബ്രറിയില്‍ നിന്നാണെന്നും കാശു കൊടുത്ത് വരിക്കാരനാകാമെന്നും.അന്തരിച്ച മീറ്റികാക്കാന്റെ പഴയ കടയുടെ മുകളിലായിരുന്നു വായനശാല.പത്രങ്ങള്‍ വരുന്നതും അവിടെത്തന്നെ.കുത്തനെയുള്ള സിമെന്റ് സ്റ്റെപ്പുകള്‍ കയറിവേണം മുകളിലെത്താന്‍.രാത്രിയിലാണ് വായനശാല തുറക്കുക.മാങ്ങാബള്‍ബിനാല്‍ പ്രകാശിക്കുന്ന ഒരു ചെറിയ മുറിയായിരുന്നു ലൈബ്രറി.ചുറ്റും ഷെല്‍ഫില്‍ അടുക്കിവെച്ചിരിക്കുന്ന തടിയനും മെലിഞ്ഞതുമായ പുസ്തകങ്ങള്‍.ഒരു പഴയമണം അവിടെ തളം കെട്ടിനിന്നിരുന്നു.പുസ്തകങ്ങളുടെ ആ മണം,പഴയ ബുക്കുകള്‍ കാണുമ്പോള്‍ എന്നെ ഇപ്പോഴും  ഹരംകൊള്ളിക്കുന്നു.കസേരയില്‍ ഒരാളിരിക്കുന്നു.ഇയാള്‍ തന്നെയായിരിക്കും ലൈബ്രേറിയന്‍.ഔചിത്യമൊന്നും നോക്കിയില്ല,പോക്കറ്റില്‍നിന്നും കാശുനീട്ടിക്കൊണ്ടു പറഞ്ഞു.
          ''എനിക്കു ലൈബ്രറിയില്‍ ചേരണം.''
          ''എത്ര വയസ്സായി?''
          ''......''
          മൂപ്പര്‍ കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു ''മോനെ,മിനിമം 15 വയസ്സായാലെ ചേര്‍ക്കാന്‍ കഴിയൂ''
         നിരാശയോടെ താഴേക്കിറങ്ങി.ഒരു കൊല്ലം കഴിഞ്ഞു.നമ്മുടെ ഫ്രണ്ടിന്റെ ഫ്രണ്ട് ലൈബ്രേറിയനായി.മൂപ്പരുടെ വാസ്തയില്‍ അങ്ങനെ അന്നു കയറിപ്പറ്റി.ഷാര്‍പ്പ് ഷൂട്ടര്‍,ലൈറ്റ് ഹൌസ്,ടാര്‍സന്‍ കഥകള്‍ എന്നിവയൊക്കെ അന്നു നല്ല ത്രില്ലിംഗ് നോവലുകളായിരുന്നു.ടാര്‍സന്‍ കഥകളുടെ മലയാളം ഇന്നു കാണുന്നതില്‍ നിന്നും വ്യത്യാസമുണ്ടായിരുന്നു.പല നോവലുകളിലും അവസാന നാലഞ്ചു പേജുണ്ടാവാറില്ല.ചിലര്‍ ഒരു പേജില്‍ ഇങ്ങനെ എഴുതി വെക്കും.നാലാം പേജു നോക്കുക.നാലില്‍ എഴുത്തും പേജ് 72 നോക്കുക.83,102,145 അവസാനം ഇങ്ങനെ 'പറ്റിച്ചേ'.ഒരിക്കല്‍ ടാര്‍സന്റെ കിട്ടാത്ത പതിപ്പ് അരിച്ചുപെറുക്കി കൈക്കലാക്കി.വീട്ടില്‍ ചെന്നു തുറന്നു നോക്കിയപ്പോള്‍ 'പ്രഫുല്ല ചന്ദ്ര റേ-നവോത്ഥാന വഴികള്‍'.പുറംചട്ട മാറ്റി ആരോ പറ്റിച്ച പണിയായിരുന്നു അത്.സ്കൂളില്‍ വച്ചു മൂപ്പരെ ഒരിക്കല്‍ പരിചയപ്പെട്ടതിനാല്‍ വീണ്ടും അദ്ദേഹത്തെ മുഷിപ്പിക്കാന്‍ തോന്നിയില്ല.അന്നു തന്നെ പുസ്തകം തിരിച്ചു കൊടുത്തു.
         സ്ഥിരമായി കോട്ടക്കലില്‍ പോവാറുണ്ടായിരുന്നതിനാല്‍ പിന്നെ തട്ടകം അതായി.ഹാസ്യകൈരളി,ഇന്ത്യാടുഡെ എന്നിവ വച്ചു നാലഞ്ചു കൊല്ലം ആര്‍മാദിച്ചു.മാധ്യമത്തിന്റെ ആഴ്ചപ്പതിപ്പും വാര്‍ഷികപ്പതിപ്പുമൊന്നും ഞാന്‍ വിട്ടു കളയാറില്ല.അത് ആ പത്രസ്ഥാപനത്തെ പിന്തുണയ്ക്കുന്ന സംഘടനയോട് ചായ്വുണ്ടായിട്ടൊന്നുമല്ല. അല്ലെങ്കിലും ടി.ആരിഫലി സാഹിബൊന്നുമല്ലല്ലോ അതില്‍ മുഴുനീള ലേഖനങ്ങലെഴുതുന്നത്.ഡി.ബാബുപോള്‍,യശ:ശരീരനായ  സുകുമാര്‍ അഴീക്കോട്,സി.രാധാകൃഷ്ണന്‍,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങി കുല്‍ദീപ് നയ്യാര്‍ വരെയുള്ള സാഹിത്യകാരന്മാരും വിമര്‍ശകരുമൊക്കെയല്ലേ അതില്‍ എഴുതുന്നത്.
         ട്രെയിന്‍ യാത്രാപിരാന്ത് തുടങ്ങിയ സമയത്ത് കോഴിക്കോട് സ്റ്റേഡിയം റോഡിലും മാനാഞ്ചിറ ഭാഗത്തും വില്‍ക്കുന്ന പുസ്തകങ്ങളിലായി പിന്നെ എന്റെ കണ്ണ്.സ്ത്രീ പ്രസിദ്ധീകരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പുരുഷവായനക്കാരുള്ള സഥലം എന്ന പേരുദോഷം മലയാളികള്‍ക്ക് മുമ്പേയുള്ളതിനാല്‍ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന വനിതയും ഗൃഹലക്ഷ്മിയും വാങ്ങും.ചില ബുക്കുകള്‍ തേടി പുസ്തകോത്സവങ്ങളിലും എന്തിന്,മാതൃഭൂമിയുടെ ഓഫീസില്‍ വരെ പോയിട്ടുണ്ട്.കോഴിക്കോട് നിന്ന് പഴയ ലക്കങ്ങള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങിയിരുന്ന മാതൃഭൂമി ആരോഗ്യമാസികയാണ് പത്തുവര്‍ഷത്തോളമായി ഞാനിന്നും തുടര്‍ന്നു വായിക്കുന്നത്.അതിനാല്‍ ഞാന്‍,ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ള ഒരു ചെറുഡോക്ടറായെന്നും കരുതരുതേ.വയര്‍ പിന്നേം ചാടി.തൂക്കം കൂടി.BMI നോക്കി ഭക്ഷണനിയന്ത്രണം എല്ലാവരെയും പോലെ ജനുവരി ഒന്നിലേക്ക് മാറ്റിവെക്കും.പക്ഷേ ഏത് എങ്ങനെ കഴിക്കണം കഴിക്കരുത് എന്നതിനെക്കുറിച്ച് നല്ല അവബോധം നല്‍കാന്‍ ആരോഗ്യമാസികക്കു കഴിഞ്ഞു എന്നത് നിസ്തര്‍ക്കമാണ്.
        കൂട്ടത്തില്‍ പറയാന്‍ മറന്നു.മംഗളം,മനോരമ ആഴ്ചപ്പതിപ്പുകള്‍ എന്റെ ബാല്യത്തിന്റെ നല്ലൊരു സമയം അപഹരിച്ചിരുന്നു.ഒരു ആഴ്ചപ്പതിപ്പില്‍ അവസാനിച്ച രണ്ടു കഥകള്‍ മറ്റൊരാഴ്ച്ചപ്പതിപ്പില്‍ തുടര്‍ന്നാരംഭിച്ചത് വായിക്കേണ്ട ഗതികേടും ഉണ്ടായി.ഒന്നില്‍ പ്രാധാനകഥാപാത്രത്തെ കൊന്നും മറ്റും കഥ ആവസാനിപ്പിച്ചപ്പോള്‍ മഷിയുണങ്ങും മുമ്പേ എതിര്‍ചേരിയില്‍,സംഭവിച്ചതെല്ലാം സ്വപ്നമായിക്കണ്ട് അതേപേരില്‍ കഥ പുനനാരംഭിക്കുകയായിരുന്നു.
       എന്താണ് വായനയുടെ മന:ശ്ശാസ്ത്രം?വായന ഇത്രയും ജനകീയമായതെങ്ങനെ?റേഡിയോക്കും ടീവിക്കും അവസാനം ഇന്റര്‍നെറ്റിനും വായനയുടെ ദാഹത്തെ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല.ടിവി മാധ്യമങ്ങള്‍ക്ക് പത്രമാധ്യമങ്ങളെ അടിച്ചമര്‍ത്തണം എന്നൊന്നും ഇല്ല.അവര്‍ക്കതിനു കഴിയുകയുമില്ല.കാരണം വായനയുടെ ഭാവനാസുഖം ദ്രശ്യ,ശ്രവ്യത്തിനില്ലെന്നതു തന്നെ.തിരക്കഥ വായിച്ചു സിനിമ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നല്ലാതെ സിനിമ കണ്ടു തിരക്കഥ നന്നാക്കിയെഴുതാമായിരുന്നു എന്നാര്‍ക്കും തോന്നാറില്ലല്ലോ.
       ടോയിലറ്റ് വായനാശാലയാക്കിയവര്‍ പത്രക്കാരന്‍ താമസിച്ചെത്തിയാല്‍ ചൂടാവുന്നതു കാണാം.''താനിതെവിടെയായിരുന്നു?ഞാനിതുവരെ കക്കൂസില്‍ പോയിട്ടില്ല''.പ്രഭാതകര്‍മ്മവും പത്രവായനയും തമ്മിലെന്തു ബന്ധമെന്നു ചോദിക്കരുത്.
       ഒരിക്കല്‍ ഷാര്‍ജ പുസ്തകമേളയില്‍ ഷാര്‍ജ ഭരണാധികാരിയായ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി  പറഞ്ഞു.'മലയാളികളുടെ വായനാശീലം എന്നെ അത്ഭുതപ്പെടുത്തുന്നു'.ഗള്‍ഫിലുടനീളമുള്ള ബുക്കുസ്റ്റാളുകളിലും ഗ്രോസ്സറികളിലും ബസ്റ്റാന്റുകളിലും തൂക്കിയിട്ടിരിക്കുന്ന മലയാളപത്രങ്ങളും മാസികകളും ഈ പ്രസ്താവനയെ ബലപ്പെടുത്തുന്നു.
       വലിയൊരു ലൈബ്രറിയിലൊതുങ്ങുന്ന പുസ്തകശേഖരത്തെപ്പോലും കൈക്കുള്ളിലൊതുക്കുന്ന ഇ-റീഡറും ഖുര്‍ആന്‍ പോലൊരു ഗ്രന്ഥത്തെ 5 MB മാത്രമുള്ള ഫയലാക്കുന്ന PDFകളും വിഹരിക്കുന്ന ഈ കാലത്ത് പൊടിപിടിച്ച ഷെല്‍ഫുകളില്‍ പുസ്തകം തിരഞ്ഞ കഥ വരുംതലമുറക്ക്‌ ചിരിക്കാനുള്ള കഥയായി മാറിയേക്കും.ഏതു രൂപത്തിലായാലും വായന മരിക്കുന്നു എന്നു വിലപിക്കുന്നവരെയും മറികടന്ന്,വിരല്‍ത്തുമ്പിലെ അനന്തസാധ്യതകളേയും പിന്നിലാക്കി അടുത്ത രൂപത്തിലേക്ക്,മാറ്റത്തിലേക്ക്,വായന പുതുനാമ്പുകള്‍ തേടിക്കൊണ്ടേയിരിക്കും.      

അഭിപ്രായങ്ങളൊന്നുമില്ല: