വെള്ളിയാഴ്‌ച, മേയ് 31, 2013

കേലം കുറുശി പാടം

                                കൂടുതല്‍ ചിത്രങ്ങള്‍ക്ക്   ഇവിടെ ക്ലിക്കുക
        ''ഇത്തിക്കാട്ട് ജ്വല്ലറി സ്പോന്‍സര്‍ ചെയ്യുന്ന വിന്നെര്സ് ട്രോഫിക്കും ..............സ്പോന്‍സര്‍ ചെയ്യുന്ന റണ്ണേഴ്സ്  ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് ഫസ്കോ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്നു ഉദയ ചുള്ളിപ്പാറയും ടൌണ്‍ ടീം കുണ്ടൂരും ഏറ്റുമുട്ടുമ്പോള്‍......''
      ദശാബ്ദങ്ങള്‍ക്ക് മുന്പ് കേലംകുറുശി പാടത്ത് വൈകുന്നേരങ്ങളില്‍ ഹിന്ദി സിനിമാപാട്ടിന്റെ അകമ്പടിയോടെ മുഴങ്ങിക്കേട്ടിരുന്ന ഈ അനൌണ്‍സ്മെന്റ് ഇന്നു ഏറക്കുറെ നിലച്ചിരിക്കുന്നു എന്നുപറയാം.പന്തുകളി ഭ്രാന്തന്മാരായിരുന്ന പലരും ജീവിതോപാധി തേടിയുള്ള ഓട്ടത്തില്‍ ഗ്രൌണ്ടില്‍ നിന്നും ജീവിതത്തിലേക്കു ഗോളടിച്ചു,പ്രധിരോധത്തിലൂന്നി,ഗോള്‍ പോസ്റ്റിനു പിന്നിലേക്കു മാറി കാഴ്ച്ചക്കാരനിലൊരുവനായി  നിലകൊണ്ടു.വെറും പന്തുകളിക്കനായി സ്ഥലം ഒഴിച്ചിട്ടിട്ടെന്തു കാര്യം.പതിയെ പതിയെ ഗ്രൌണ്ടിലേക്ക് ഓഫ് സൈഡും ഫൌളുമൊന്നും നോക്കാതെ വാഴയും മറ്റും കൃഷിയിലൂടെ ഗോളടിച്ചു കളിച്ചു.കരുമ്പിലേയും കാച്ചടിയിലേയും പരിസരപ്രദേശങ്ങളിലുള്ളവരുടെയുമായ കാല്‍പന്തുകളിക്കാരുടെ ബൂട്ടമര്‍ന്നമണ്ണ്  ഇനിയൊരങ്കത്തിനു കാതോര്‍ക്കുന്നുണ്ടാവുമോ?പന്തിനു പിന്നാലെ ഓടിത്തളര്‍ന്നവരുടെ ഇറ്റുവീഴുന്ന വിയര്‍പ്പിനു വേണ്ടി ആ മണ്ണ് ദാഹിക്കുന്നുണ്ടാവുമോ?ഭൂമിയോട് ചെവിയോര്‍ത്തു നോക്കൂ...നമ്മുടെ കളിക്കാലങ്ങളിലേക്ക്,വൈകുന്നേരങ്ങളിലേക്ക്,ബാല്യത്തിലേക്ക് അവ നമ്മെ വിളിക്കുന്നുണ്ടാവും.
       ഇന്നു കരുമ്പില്‍ TM മദ്രസ്സയുടെയും പള്ളിയുടെയും ഇടയിലൂടെ പാടത്തേക്ക് ഇറങ്ങിചെല്ലുന്ന റോഡ്‌ അന്നില്ല.പകരം പടവുകളായി പടുത്തുയര്‍‍ത്തി വെച്ചിരുന്ന ഇടവഴി മാത്രം.ചെന്നെത്തുന്നത് വീടുകള്‍ കെട്ടിയുയര്‍ത്തിയിട്ടില്ലാത്ത വിശാലമായ പാടത്തേക്ക്.അന്നു ഒരേ സമയം മൂന്നിടത്തായി ക്രിക്കറ്റും ഒരിടത്തു ഫുട്ബോളും സുഗമമായി കളിച്ചിരുന്നു.
       അന്നും ഇന്നും ഫുട്ബോള്‍ കളിക്കാന്‍ എനിക്കു താത്പര്യമില്ല.എന്നാല്‍ കണ്ടിരിക്കാന്‍ അതീവതല്‍പരനാണു താനും.ഇന്നും ഫുട്ബോള്‍ ആസ്വദിക്കാന്‍ സമയം കണ്ടെത്താറുണ്ട്.കരുമ്പില്‍ ഫസ്‌കോ ക്ലബ് നടത്തുന്ന ഫുട്ബോള്‍ മത്സരത്തിനു ആബാലവൃദ്ധം ജനങ്ങളും ഗ്രൌണ്ടിനു ചുറ്റും തടിച്ചുകൂടും.പ്രായം ചെന്നവരുടെ തക്കീതായിരിക്കണം മഗ്രിബുബാങ്കും അവസാനവിസിലും ഒന്നായിരിക്കണമെന്നത്.ലോക്കല്‍ സെവന്‍സിലെ രാജാക്കന്മാരായിരുന്ന ഉദയ ചുള്ളിപ്പാറയുടെ കളിക്കാണു കാണികള്‍ അധികമുണ്ടാവുക.ഒരു കരുമ്പുക്കാരനായിരുന്നിട്ടുകൂടി എന്റെ ഇഷ്ടടീം ഉദയ ചുള്ളിപ്പാറയായിരുന്നു. കാരണം മറ്റു ടീമുകള്‍ എങ്ങനെയെങ്കിലും ജയിക്കണം എന്ന ലക്ഷ്യത്തിനായി മറ്റു ടീമുകളിലെ പ്രഗത്ഭരായ സൂപ്പര്‍ താരങ്ങളെ അവരവരുടെ ടീമില്‍ ഇറക്കി കളിപ്പിക്കുമായിരുന്നു.എന്നാല്‍ ചുള്ളിപ്പാറ അവരുടെ സ്വന്തം താരങ്ങളെ മാത്രമായിരുന്നു ടീമില്‍ കളിപ്പിച്ചിരുന്നത്.എന്നിരുന്നാലും അവരുടെ ചില ചുണക്കുട്ടികള്‍ ജോലിയാവശ്യങ്ങല്‍ക്കായി ടീമില്‍നിന്നും വിട്ടുനിന്നതിനാല്‍ എടരിക്കോടില്‍നിന്നും മറ്റും അവര്‍ കളിക്കാരെ ഇറക്കുമതി ചെയ്തിരുന്നു എന്നത് ഇതിനൊരു അപവാദമായി കാണാം.ഇതെഴുതുന്നത് 2000-2001കാലഘട്ടമാണ്.ഇന്നു ആ ടീം പോലുമുണ്ടോ എന്നുപോലും എനിക്കറിയില്ല.എവിടെ ചുള്ളിപ്പാറയുടെ കളിയുണ്ടോ അവിടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കുട്ടികളെയും വഹിച്ചുകൊണ്ട് ഒരു പിക്കപ്പും ജയ്‌ വിളിച്ചുകൊണ്ട് അവരെ അനുഗമിക്കുന്നുണ്ടാവും.കലാശക്കൊട്ടിലെങ്ങാനും ചുള്ളിപ്പാറ ജയിച്ചാല്‍ പിന്നെ ഘോഷയാത്ര ആരംഭിക്കുകയായി.അവരില്‍ ഒരു കൂട്ടര്‍ ''ഇനി ഞങ്ങളോട് കളിക്കാന്‍ വര്വോ....''എന്നു ചോദിക്കും.അവരില്‍ത്തന്നെ മറ്റൊരു കൂട്ടര്‍''ഇല്യാ......''എന്നും.വെന്നിയൂര്‍ വഴിയാണു യാത്രയെങ്കില്‍ മുദ്രാവാക്യത്തിനു ഗാംഭീര്യം കൂടും.ഈ വൈരാഗ്യം ഫുട്ബോള്‍ ഗ്രൌണ്ടില്‍ മാത്രമാണേ.
       മുതിര്‍ന്നവന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനു സമാന്തരമായി പിള്ളേര്‍ നടത്തുന്ന ടൂര്‍ണമെന്റും അതീവ രസകരമായിരുന്നു.ആദ്യപടിയായി ഒരു നിയമാവലിയുണ്ടാക്കും.
       ഉയരം 160 cm ആയിരിക്കും
       ഗ്രൌണ്ട് ഫീസ്‌ 200 രൂപ ആയിരിക്കും
       ക്രിക്കറ്റ് ബാറ്റ് ടീം തന്നെ കൊണ്ടുവരേണ്ടതാണ്
       വൈഡും നോബോളും ഓര്‍മിച്ചു വന്നാല്‍ ഒരു റണ്‍സ് മാത്രമായിരിക്കും
       ഇങ്ങനെ പോകുന്നു നിയമങ്ങള്‍.വല്ല കശപിശയുണ്ടായി അന്ത്യം ഗ്രൌണ്ടിലാവാന്‍ താത്പര്യമില്ലാത്തതിനാല്‍ ഏറ്റവും അവസാനം ഇങ്ങനെ എഴുതും.അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും. വലിയ ആളുകളൊക്കെ നല്ല ഫാസ്റ്റില്‍ ബോളെറിയും,കൂടുതല്‍ സിക്സും ഫോറും അടിക്കും എന്ന പേടിയില്‍ നിന്നാണ് ഉയരം 160 cm ല്‍ ഒതുങ്ങുന്നത്.ഉയരം കൂടുതലുള്ളവനെ ഉയരം കുറയ്ക്കുന്ന ശാസ്ത്രത്തിനുപോലും സാധിക്കാത്ത ജാലവിദ്യയാണ്‌ അടുത്തപടി.ഒരു തോര്‍ത്തുമുണ്ട് കൊണ്ട് അവന്റെ വയറ്റില്‍ വരിഞ്ഞുകെട്ടി മുറുക്കുന്നു.എന്നിട്ടും കുറഞ്ഞില്ലെങ്കില്‍ പരമാവധി തല കഴുത്തിനോട്‌ ചേര്‍ത്തമര്‍ത്തി എങ്ങനെയെങ്കിലും അവനെ പാസ്സാക്കിയെടുക്കും.ചുള്ളിപ്പാറ,കുണ്ടൂര്‍,തിരൂരങ്ങാടി,താഴെചെന എന്നീ 'ദൂര'ദേശങ്ങളില്‍നിന്നൊക്കെ ടീമുകള്‍ വന്നു കളിക്കുമായിരുന്നു.മൊബൈല്‍ഫോണൊക്കെ അപ്രാപ്യമായിരുന്ന കാലത്ത് എങ്ങനെയായിരുന്നു ഈ ടീമുകളെയൊക്കെ സംഘടിപ്പിച്ചിരുന്നത്?  
      കളികഴിഞ്ഞു നേരെ പുഴയിലേക്ക്.അന്നും തോര്‍ത്തുമുണ്ട് അരയില്‍ത്തന്നെ.വേനല്‍ക്കാലമായാല്‍ പുഴയുടെ നെഞ്ചില്‍ ചിലയിടത്തായി പാറക്കൂട്ടങ്ങളും മണല്ക്കൂനകളും പൊങ്ങും.കുളിക്കുക എന്നുദ്ദേശമൊന്നുമില്ല.വെറുതെ നീന്തിത്തുടിക്കണം.കൂട്ടത്തില്‍ തലതൊട്ടുകളി,അക്കരെക്കുള്ള നീന്തല്‍ മത്സരം എന്നിവയും.പലപ്പോഴും ഒരു മുങ്ങാംകുഴിയില്‍ അക്കരെ ചെന്നെത്തിയിട്ടുണ്ട് ഞാന്‍.ഒരിക്കല്‍ വെള്ളം കുറവുള്ള സമയത്ത് പുഴയുടെ നടുവില്‍വെച്ചു താഴേക്കു ഊളിയിട്ടു.താഴോട്ടു പോകുന്തോറും ചെവിക്കുള്ളില്‍ തീവണ്ടി ഓടുന്നത് പോലെ.ചുറ്റുമുള്ള ജലത്തിന്റെ നിറവും മാറുന്നു.ഇളം പച്ചനിറം മാറി ചുവപ്പ്,അവസാനം കൂരിരുട്ട്.നിലംതൊട്ടു കൈയില്‍ തടഞ്ഞതോ ചെളികലര്‍ന്ന തണുത്ത മണല്‍.മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകിയ സമയത്തും കുറുകെ അക്കരെക്കു നീന്തിയത്‌ ഒരു നിശ്വാസത്തോടെയേ ഇന്നോര്‍ക്കാന്‍ കഴിയൂ.കാച്ചടിയെയും വലിയോറയെയും ബന്ധിപ്പിച്ചതിലേറെ നമ്മുടെ ബാല്യത്തിലേക്ക് നീളുന്ന ഈ പാലത്തില്‍ നിന്നും പുഴയിലേക്കു കുതിക്കുന്ന നമ്മുടെ ചുണക്കുട്ടികള്‍ അത്ഭുതകാഴ്ച്ചയല്ലാതായിരിക്കുന്നു.1994ലാണെന്നു തോന്നുന്നു ഒരു വെള്ളപ്പൊക്കമുണ്ടായത്.മദ്രസ്സയുടെ സൈഡിലുള്ള ഇടവഴി അവസാനിക്കുന്നയിടം വരെ വെള്ളമെത്തിയിരുന്നു.ആ ഭാഗത്ത് താമസിച്ചിരുന്ന കുട്ടികളൊക്കെ പകുതി നനഞ്ഞായിരുന്നു മദ്രസയിലെത്തിയിരുന്നത്.പുഴയുടെ കുത്തൊഴുക്കില്‍ വന്മരങ്ങളും മറ്റും പാലത്തിന്റെ കാലിലിടിച്ചതിന്റെ ഫലമായി പാലത്തിനു ഒരു നേരിയ വളവ് ഇന്നും ദര്‍ശിക്കാവുന്നതാണ്.അപ്രോച്ച് റോഡിന്റെ കരിങ്കല്‍ഭിത്തി പലയാവര്‍ത്തി ഇടിഞ്ഞുവീണെങ്കിലും പാലം മാത്രം കുലുങ്ങിയില്ല.
       പുഴയിലെ നീരാട്ടു കഴിഞ്ഞു നേരെ വീട്ടിലേക്ക്.പടിഞ്ഞാറെ ചക്രവാളത്തില്‍ സൂര്യന്‍ അരുണിമ ചാലിക്കുന്ന സമയം.ഇടവഴിയിലൂടെ പോകുമ്പോള്‍ സന്ധ്യയായിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ നല്ല വെന്ത പൂളയുടെ (കപ്പ,മരച്ചീനി എന്നു മലയാളത്തില്‍ പറയും)മണം വരും.പാമ്പിന്റെ പൊത്തില്‍നിന്നുള്ള മണമാണത്രേ അത്.പടവുകള്‍ കയറി റോഡിലെത്തുമ്പോഴേക്കും നട്ടെല്ല് റബ്ബര്‍ പരുവമായിട്ടുണ്ടാവും.
     'നാളത്തെ സ്കൂളിലേക്കുള്ള പാഠഭാഗങ്ങള്‍ പഠിക്കാനുണ്ടല്ലോ.....പണ്ടാരം..'എന്ന ചിന്താഭാരത്തോടെ വീടിലേക്ക്‌ .....  

അഭിപ്രായങ്ങളൊന്നുമില്ല: