ഞായറാഴ്‌ച, ഡിസംബർ 22, 2013

തേര്‍ക്കയം പുഴ

   
     ജീവിതത്തിലെ നല്ല ഒരുപിടി നിമിഷങ്ങളായിരുന്നു ഇന്നു അതിരാവിലെ തേര്‍ക്കയം പുഴവക്കത്തു ചിലവഴിച്ചപ്പോള്‍ ലഭിച്ചത്.ഗള്‍ഫിലായിരുന്നപ്പോള്‍ ചെറുപ്പകാലത്തെ മധുരോര്‍മ്മകള്‍ക്കു കൂട്ടിനുണ്ടായിരുന്ന  തേര്‍ക്കയം പുഴയുടെ പഴയ ഓര്‍മ്മകളില്‍ വിരാചിച്ചിരുന്നെങ്കിലും നാട്ടിലെത്തിയിട്ടും പുഴയില്‍ പോവാന്‍ അവസരം കിട്ടിയിരുന്നില്ല.സുഹൃത്തുക്കളുമൊന്നിച്ചു പ്ലാന്‍ ചെയ്തു ഇന്നു അതിരാവിലെതന്നെ പുഴയിലേക്കു പുറപ്പെട്ടു.ചെറുപ്പത്തില്‍ ചെയ്തിരുന്നതു പോലെ അരയില്‍ തോര്‍ത്തുമുണ്ട് കെട്ടിയായിരുന്നു പോയത്.പുഴയിലെ വെള്ളം ഇളം പച്ചനിറമായിട്ടുണ്ട്.ഒരു മാസം മുമ്പ് വരെ മണ്ണ് കൂലം കുത്തിയൊഴുകുന്നതു പോലെയുള്ള കാവി നിറമായിരുന്നു.മൂന്നു വര്‍ഷത്തിനു ശേഷം പുഴയിലിറങ്ങി അക്കരെക്കു നീന്തിയപ്പോള്‍ ബാല്യത്തിലേക്കു ഊളിയിട്ടതു പോലെ തോന്നി.പുഴയുടെ നടുവില്‍ നിന്നും പാലത്തിലേക്കു കണ്ണോടിക്കുമ്പോള്‍ അതിനു അസാധാരണമായ ഒരു സൌന്ദര്യമുള്ളതു പോലെ.പുഴയുടെ കരയില്‍ സ്വച്ഛന്ദം ഓളം വെട്ടുന്ന കരയോട് കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ആ തോണിക്കും പുലര്‍ക്കാലകാഴ്ചയില്‍ ഒരു മായികസൌന്ദര്യം.പുഴയില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ നിശ്ചലമായിരുന്ന ജലത്തില്‍ പാലത്തിന്‍റെ പൂര്‍ണ്ണ പ്രതിബിംബം  വര്‍ണ്ണനക്കതീതമായ മറ്റൊരു കലാസൃഷ്ടി പോലെ.
          പുഴയുടെ നടുക്കുള്ള പാറകള്‍ പൊങ്ങി വരുന്നതേയുള്ളൂ.അതിനുള്ളിലായിരുന്നു പണ്ട് ബീഡി ഒളിപ്പിച്ചു വെച്ചു വലിച്ചിരുന്നത്‌.തൊട്ടുകളിയുടെ പ്രധാനകേന്ദ്രവും അവിടെയായിരുന്നു.നഷ്ടബാല്യത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഒരു പത്തുവയസ്സുകാരന്റെ മനസ്സ് എന്‍റെയുള്ളില്‍ അതോര്‍ത്തു തേങ്ങുന്നുണ്ടാവണം.കിഴക്കേ ചക്രവാളത്തില്‍ ഉദയസൂര്യന്‍ അരുണിമയില്‍ സ്വര്‍ണരാജി പടര്ത്തുമ്പോള്‍ ഞങ്ങള്‍ ഭൂതകാലത്തെ പുഴയില്‍ വിട്ടു വീട്ടിലേക്കു നടന്നു നീങ്ങി.  

അഭിപ്രായങ്ങളൊന്നുമില്ല: