ഞായറാഴ്‌ച, ഫെബ്രുവരി 03, 2013

കൂച്ചാല്‍ എടായില്‍ നിന്നും കൂച്ചാല്‍ റോഡിലേക്കുള്ള ദൂരം

      

എന്റെ ബാല്യകാല ഓര്‍മ്മകള്‍ 

                                      കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
          125ഡിഗ്രി അക്ഷാംശത്തില്‍ ഭൂമധ്യരേഖയോട്  25371കി.മി.മാറി ലോകത്തിന്റെ ഏതു കോണില്‍നിന്നും വീക്ഷിക്കാവുന്ന (ഗൂഗിള്‍ മാപ്പ് വഴി )പന്‍വേല്‍ കന്യാകുമാരി NH 17ഹൈവേ നെഞ്ചിലൂടെ കടന്നുപോകുന്ന,കക്കാട്-വെന്നിയൂര്‍ പട്ടണങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന  ശ്യാമസുന്ദരകോമര നാടാണ്‌ കരുംബിൽ അഥവാ കരുമ്പില്‍ ഗ്രാമം.ഹൈവേയാണെങ്കിലും ഗ്രാമനന്മ നഷ്ടപ്പെടാത്ത ഇടമാണിത്.എന്റെ മധുരബല്യം ഈയിടത്ത് അലിഞ്ഞുചേര്‍ന്നതിനാല്‍ ഞാനിടം കൂടുതല്‍ ഇഷ്ടപ്പെടുന്നു.
        എന്റെ ബാല്യകാലത്ത്‌ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ ദൂരത്തിനുള്ളിലായി ഒരു കനാലുണ്ടായിരുന്നു.ഹൈവേയുടെ എതിര്‍ ഭാഗത്തു നിന്നു കൊടിമരം,കാച്ചടി എന്നിവിടങ്ങളില്‍ നിന്നും ചെറിയ ഉറവകളായി ഉത്ഭവിച്ച് സാമാന്യം വലിയൊരു തോടായി ചുള്ളിപ്പാറ പാടത്തു ചെന്ന് പതിക്കുന്ന കൂച്ചാല്‍ എടായി.ഇന്നത്‌ 90 ശതമാനത്തോളം നികത്തി കൂച്ചാല്‍ റോഡായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.ഞാന്‍ നീന്തല്‍ പഠിച്ചത് അതില്‍ നിന്നായിരുന്നു.ഇന്ന് ആങ്ങട്ടു റോഡ്‌ എന്നറിയപ്പെടുന്ന അന്നത്തെ ആ ഇടവഴിയും ചെന്നെത്തിയിരുന്നത് ഈ കൂച്ചാല്‍ എടായിലായിരുന്നു.
എടായി വരെ ചെങ്കുത്തായ പടവുകള്‍ ഉണ്ടായിരുന്നു.സൂക്ഷിച്ചു ഇറങ്ങിയില്ലെങ്കില്‍ ആളു താഴെ.അന്നൊക്കെ എന്റെ പത്താം വയസ്സില്‍ വീട്ടില്‍ നിന്നും അങ്ങോട്ട്‌ പോവാന്‍ അനുമതിയില്ലായിരുന്നു.കാരണം എനിക്കു നീന്തലറിയില്ല.അതിനാല്‍ കുപ്പായത്തിനു താഴെ തോര്‍ത്തുമുണ്ട് വരിഞ്ഞുകെട്ടിയാണ് എടായില്‍ പോയിരുന്നത്.വഴുക്കുന്ന പടവുകള്‍ സൂക്ഷിച്ചു ഇറങ്ങുമ്പോള്‍ ചോലയില്‍ വെള്ളം അലതല്ലി വരുന്ന ഹുങ്കാരശബ്ദം കേള്‍ക്കാം.തോര്‍ത്തു മാറ്റി വെള്ളത്തിലിറങ്ങുമ്പോള്‍,ഹൊ...വെള്ളത്തിന്‌ എന്തൊരു തണുപ്പ്.മുട്ടിനു താഴെ മാത്രമേ വെള്ളമുള്ളൂ.ഒന്നരയാളോളം ഉയരത്തില്‍ ഇരുവശത്തും മണ്ണ്കൊണ്ട് മതില്‍ കെട്ടിയുയര്‍ത്തിയതിലൂടെയാണ് ഈ ചോലയൊഴുകുന്നത്.മഴ കൂടുതലുള്ള സമയം ഞങ്ങള്‍ ചിലര്‍ കല്ലുകളൊക്കെ പടുത്തുയര്‍‍ത്തി ചെറിയ ഡാം പണിയും.അപ്പോള്‍ അരക്കൊപ്പം വെള്ളം കാണും.അതിലാണ് ഞാന്‍ നീന്തല്‍ പഠിച്ചത്.(ഇന്നു ഇന്റര്‍നെറ്റ് വഴി നീന്തല്‍ പഠിക്കാനുള്ള കോഴ്സുകള്‍ നിലവിലുണ്ട് )അന്നു വെള്ളം ഉത്ഭവിക്കുന്ന സ്ഥലം തേടി മുകള്‍ ഭാഗത്തേക്ക് ഞാന്‍ വെള്ളത്തിലൂടെ നടക്കും.അന്ന് ആ പരിസരത്തുള്ള വീടുകളില്‍ വസ്ത്രം അളക്കാനുള്ള ഒരു ഉപാധി ഈ കൂച്ചാല്‍ എടായിയായിരുന്നു.എടായിയുടെ വക്കത്തു തുണി അലക്കിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ ചോദിക്കും 
        "നീ ആരെടാ " 
അന്നു എന്റെ പാന്‍ കാര്‍ഡും  തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ  വല്യുപ്പയുടെ പേരാണ്.
      ഞാന്‍ പറഞ്ഞു "കോയാക്കാന്റെ പേരക്കുട്ടി "
      ഉടന്‍ അവര്‍"ഏതു കോയ?"
      ഞാന്‍ "...........ഇന്ന കോയ)
     "ഇജ്ജ് പെരീ പര്‍ഞ്ഞിട്ടാണോ കുള്‍ച്ചാന്‍ ബന്നത് "
     "അ..ല് ല്ല"
     "വേഗംതന്നെ പൊയ്ക്കോ ,ഇല്ലെങ്കില്‍ പെരീല്‍ പറയും."
      ഞാന്‍ പേടിച്ചു താഴോട്ട് നീന്തും.അക്കാലത്തു വീട്ടില്‍ പറയും എന്നെ ഭീഷണിക്ക് ഒട്ടുമിക്ക എന്റെ സമപ്രായക്കരെല്ലാം പേടിക്കുമായിരുന്നു.പക്ഷേ അത്തരം പേടിപ്പിക്കലൊന്നും ഇന്നത്തെ കുട്ടികളോട് നടക്കില്ല.
      മീന്‍ പിടുത്തത്തില്‍ വിദഗ്ദ്ധരായ കുട്ടികള്‍ മുജ്ജ്,പരല്‍,കോട്ടി ഇദ്യാതി ജാതി മീനുകളെ തോര്‍ത്തില്‍ വീശിപ്പിടിച്ചു കുപ്പിയിലാക്കി വീട്ടില്‍ കൊണ്ടുപോയി കിണറ്റിലിടും.പക്ഷേ ചെറിയ പരലുകളെ വെള്ളത്തില്‍ തന്നെ വിടും.ഒരു ദിവസം ഞാന്‍ ചോദിച്ചു.
      "എന്തിനാണ് ചെറിയ പരലുകളെ തുറന്നു വിടുന്നത്?"
      "അവ തുപ്പലംകൊത്തി പരലുകളാണ്." നോക്ക് എന്നു പറഞ്ഞു തുപ്പിക്കാണിക്കും.ശരിയാണ്.അവ തുപ്പലം തിന്നു വയറു നിറക്കുന്നു.പത്താം വയസ്സില്‍ ആ ബുദ്ധി പോയില്ല.ഇന്നു,അത്യാവശ്യം വിട്ടു അനാവശ്യ ബുദ്ധിയുള്ള സമയത്ത് ചുള്ളിപ്പാറ കനാലില്‍ ഞാന്‍ ഒന്നു പരീക്ഷിച്ചു.പ്രായഭേദമന്യേ വലിപ്പചെറുപ്പമില്ലാതെ  എല്ലാ മീനുകളും തുപ്പലം വെട്ടിവെഴുങ്ങുന്നു.അന്നു അവിടെയിവിടെയൊക്കെ മണ്ടി നടന്ന്,വീണു ശരീരത്തിന്റെ കമ്പനി പെയിന്റ്‌ സ്ക്രാച്ചാവുമായിരുന്നു.കൂട്ടത്തില്‍ മുതിര്‍ന്നവന്‍ പറയും മീന്‍ കൊത്തിയാല്‍ മുറിവ് പെട്ടെന്ന് മാറും.മീന്‍ കൊത്താനായി മുറിവുള്ള ഭാഗം വെള്ളത്തില്‍ വെക്കും. ചക്കക്കൂട്ടാന്‍ കണ്ടപോലെ മീനുകളെല്ലാം വന്നു പൊതിയും.പക്ഷേ മുറിവ് എവിടെ മാറാന്‍?അതു വലുതാകത്തെയുള്ളൂ.സ്വതവേ ഇരുണ്ട നിറമായ ഞാന്‍ വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ കാലിനൊക്കെ നല്ല നിറം വെക്കും.ഹായ്... കരയിലേക്ക്  കയറി അരമണിക്കൂറു കഴിയുമ്പോഴേക്കും ഓന്ത് നിറം മാറിയ പോലെ ഞാന്‍ വീണ്ടും ഇരുണ്ടിരിക്കും.

                  പൂച്ചകടത്തോലിസം

          ഇതിനോട് ചേര്‍ത്തു പറയേണ്ട മറ്റൊന്ന്,അക്കാലത്തു ദേശീയപാതയോരത്ത് താമാസിക്കുന്നവര്‍ക്കറിയാം .അര്‍ദ്ധരാത്രിയോടടുത്ത സമയം.ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നു.ഒരാള്‍ വെളിയിലിറങ്ങി പൂച്ചകളെ പാതയോരത്ത് തുറന്നു വിടുന്നു.അവ അടുത്തുള്ള വീടുകളിലേക്ക് ചേക്കേറുന്നു.അതിരാവിലെ വീട്ടുകാരുടെ വിളിയുണരും.ഓരോ വിളിക്കും പ്രത്യേകതയുണ്ട്.ഈ വിളിയുടെ അര്‍ഥം മനസ്സിലായി.റോഡില്‍ ഒരു പൂച്ച ചത്തുകിടക്കുന്നു.എന്നെ വിളിക്കാന്‍ കാരണം റോഡില്‍ പട്ടി,പൂച്ച ഇവയൊക്കെ വണ്ടിയിടിച്ചു ചത്താല്‍ കുഴിച്ചുമൂടേണ്ട ജോലി എന്റെതാണ്.ആണുങ്ങളേക്കാള്‍ പെണ്ണുങ്ങള്‍ക്ക്‌ നിരീക്ഷണപാടവം കൂടുതലാണ്.വീട്ടുജോലികള്‍ തുടങ്ങുംമുമ്പേ ഇത്തരം കാര്യങ്ങള്‍ അവര്‍ 'മണത്തറിയും.'
   അതാണ് അതിരാവിലെയുള്ള വിളി.കൂട്ടത്തില്‍ ഇങ്ങനെ പറയും."ഇന്നലെ ആരോ പൂച്ചകളെ കൈല്കടത്തിയിരിക്കുന്നു."നമ്മള്‍ കൈക്കോട്ടും കൊണ്ട് ചെല്ലുമ്പോഴേക്കും പൂച്ച മോന്ത കോക്രി കാണിച്ചു കുഴിയിലേക്കു പോവാന്‍ റെഡിയായി കിടക്കുന്നുണ്ടാവും.
        കൈല്കടത്തുക അഥവാ കയ്യാല കടത്തുക എന്ന വാക്ക് ഇന്നത്തെ കുട്ടികള്‍ക്ക് അത്ര സുപരിചിതമായിരിക്കില്ല.വീട്ടില്‍ ശല്യക്കാരായ പൂച്ചകളെ ദൂരയിടങ്ങളിലേക്ക് തിരിച്ചുവരാനാവാത്തവിധം കൊണ്ടുപോയി വിടുക എന്നതാണ് മലയാളശബ്ദതാരാവലിയില്‍ പരമ്പരാഗതമായി പിന്തുടരുന്ന ഈ സമ്പ്രദായം കൊണ്ടുദ്ദേശിക്കുന്നത്.
         പുതിയ മര്‍ജാരവീരന്മാര്‍ വീടിന്റെ അതിര്‍ത്തി കടക്കുമ്പോഴേക്കും നമ്മുടെ പൂച്ചകള്‍ കണ്ടനും കണ്ടിയുമെല്ലാം വാലു വീര്‍പ്പിച്ചു കൂവലിന്റെ സ്വരമുള്ള മുരള്‍ച്ചയുമായി അവയെ നേരിടും.രണ്ടുകൂടി മുഖത്തോടുമുഖം നോക്കി മുറുമുപ്പോടെ ഒരേ നില്‍പ്പാണ്.നമ്മല്‍ അടി പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ ഒന്ന് മറ്റൊന്നിന്റെ പിന്നലെയോടി വീണ്ടും വാലു വിറപ്പിച്ചു അതേ പൊസിഷന്‍.മുരള്‍ച്ചയല്ലാതെ അടിയില്ല.നമ്മുടെ പൂച്ച(കട്ടു)തിന്നുന്ന ചോറിനുള്ള നന്ദി എന്നെ കാണിക്കാനുള്ള അടവാണോ ഇത് എന്ന സംശയവും ഇല്ലാതില്ല.സഹികെട്ട് അവസാനം ഞാന്‍ രണ്ടിന്റെയും പുറത്തു കോപ്പയില്‍ വെള്ളം കോരിയൊഴിക്കും.അപ്പോള്‍ രണ്ടും ശാന്തന്‍ അല്ലെങ്കില്‍ ശാന്ത.കേട്ടിട്ടില്ലേ നനഞ്ഞ പൂച്ചയെപോലെ.
         പറഞ്ഞുവന്നത്,അന്നു കൂച്ചാല്‍ എടായുടെ ഇപ്പുറത്തുള്ളവരെല്ലാം പൂച്ചയെ കൈല്കടത്തിയിരുന്നത് മറുവശത്തേക്കായിരുന്നു.ആരോടും പറയരുതേ,...നമ്മള്‍ ഇസ്കൂള് വിട്ടു വരുമ്പഴേക്കും പ്രവാസിയെ ചാക്കിലായിരിക്കും വീട്ടുകാര്‍.ഇന്നു രാത്രി കൈല്കടത്താനുള്ളതാണ്.വെള്ളമല്ലേ.പൂച്ച എങ്ങനെ ഇപ്പുറത്തു വരും എന്ന മ:നശാസ്ത്രമാണ് പിന്നില്‍.എന്റെ സുഹൃത്ത് ഒരിക്കല്‍ പൂച്ചയെ പരപ്പനങ്ങാടിയിലേക്ക് നാടുകടത്തിയിരുന്നു.രണ്ടാം ദിവസം നോക്കുമ്പോള്‍ അതു വീടിന്റെ കോലായിലിരുന്നു മുന്‍കാല് നക്കിക്കൊണ്ടിരിക്കുന്നു.പിന്നെയാണോ കൂച്ചാല്‍ ഏടായി.അതു വീണ്ടും മടങ്ങിയെത്തും.അതാണ്‌ പൂച്ചയുടെ GPS സംവിധാനം.

അഭിപ്രായങ്ങളൊന്നുമില്ല: